അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയെ തുടര്ന്ന് കരിപ്പൂരിലെ സമ്മേളന നഗരി (വെളിച്ചം നഗരി) നിര്മാണം തടസ്സപ്പെട്ടതിനെ തുടര്ന്ന് ജനുവരി 25 മുതല് 28 കൂടിയ തിയ്യതികളില് നടക്കേണ്ടിയിരുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനം 2024 ഫെബ്രുവരി 15, 16, 17, 18 തിയ്യതികളിലേക്ക് മാറ്റി നിശ്ചയിച്ചു.
ഒരു ലക്ഷം സ്ഥിരം പ്രതിനിധികള്ക്ക് സമ്മേളനം വീക്ഷിക്കാനും പ്രാര്ത്ഥന നിര്വഹിക്കാനും സൗകര്യപ്പെടുന്ന പ്രധാന പന്തലിനു പുറമെ അഞ്ച് പ്രത്യേക ഓഡിറ്റോറിയങ്ങള്, ഭക്ഷണ വിതരണ ഹാള്, കിച്ചണ്, ഗസ്റ്റ്‌റും, ഓഫീസ് എന്നിവയും ഒരുക്കുന്നുണ്ട്. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ദി മേസേജ് സയന്സ് എക്‌സിബിഷനുവേണ്ടി വിശാലമായ എയര് കണ്ടീഷന്ഡ് പന്തലും നിര്മിക്കുന്നുണ്ട്. കിഡ്‌സ് പോര്ട്ട് പവലിയനില് മിനി പാര്ക്ക് ഉള്പ്പെടെ വിപുലമായ സൗകര്യങ്ങളും ഒരുക്കും.
സമ്മേളനത്തോടനുബന്ധിച്ച് വിപുലമായ കാര്ഷിക മേളയൊരുക്കുന്നുണ്ട്. അതിന്റെ പവലിയന് നിര്മാണം തുടങ്ങിയിട്ടുണ്ട്. പുതുക്കിയ സമ്മേളന തിയ്യതിക്കനുസൃതമായി കാര്ഷിക മേള ഫെബ്രുവരി 9 മുതല് 18 വരെയും, സയന്സ് എക്‌സിബിഷന് ഫെബ്രുവരി 9 മുതല് 16 വരെയും, കിഡ്‌സ് പോര്ട്ട് ഫെബ്രുവരി10 മുതല് 18 വരെയും, ബുക്സ്റ്റാള്ജിയ ബുക്‌ഫെയര് ഫെബ്രുവരി 9 മുതല് 18 വരെയും, ഖുർആൻ പഠന സീരീസ് ഫെബ്രുവരി 4 മുതല് 14 വരെയും മാറ്റി നിശ്ചയിച്ചു.