10th Islahi State Conference
മുജാഹിദ് സമ്മേളനം ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്
കരിപ്പൂര്‍: ‘വിശ്വമാനവികതയ്ക്ക് വേദവെളിച്ചം’ എന്ന സന്ദേശവുമായി ഫെബ്രുവരി 15,16,17,18 തിയ്യതികളില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപത്ത് വിശാലമായ വയലില്‍ സമ്മേളന നഗരി പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. പ്രധാന പന്തലിനു പുറമെ അഞ്ച് പ്രത്യേക ഓഡിറ്റോറിയങ്ങളും വിശാലമായ കിച്ചണ്‍, സ്റ്റാളുകള്‍, ആധുനിക സൗകര്യങ്ങളോടെയുള്ള ടോയ്‌ലറ്റുകള്‍ തുടങ്ങിയവയുടെ നിര്‍മാണം പുരോഗമിക്കുന്നു. പത്ത് പ്രത്യേക പവലിയനോടു കൂടിയ വിശാലമായ എയര്‍കണ്ടീഷന്‍ പന്തലും കിഡ്‌സ് പാര്‍ക്കും പ്രത്യേകം തയ്യാറാവുന്നുണ്ട്.
ഫെബ്രുവരി 4ന് ഞായറാഴ്ചയോടെ കരിപ്പൂരിലെ വെളിച്ചം നഗരി പ്രവര്‍ത്തന
നിരതമാവും. വിശുദ്ധ ഖുര്‍ആനിന്റെ 30 ജുസുഉകളെ 30 സെഷനുകളാക്കി പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ലൈറ്റ് ഓഫ് ലൈറ്റ് എന്ന ഖുര്‍ആന്‍ പഠന സീരിസ് സമ്മേളന നഗരിയില്‍ പ്രത്യേകം സജ്ജമാക്കുന്ന ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി നാലിന് ആരംഭിക്കും. വൈകിട്ട് 4.30, 5.30, 7 മണി എന്നിങ്ങനെ ഓരോ ദിവസവും മൂന്നു സെഷനുകളിലായി ഫെബ്രുവരി 14 വരെ ഖുര്‍ആന്‍ പഠന സീരിസ് നടക്കും.
ഐ എസ് എം സംസ്ഥാന സമിതിയുടെ പരിസ്ഥിതി വിഭാഗമായ ബ്രദര്‍ നാറ്റിന്റെ കീഴില്‍ ഫെബ്രുവരി 9 മുതല്‍ 18 വരെ വിപുലമായ കാര്‍ഷിക പ്രദര്‍ശന വിപണന മേള നടക്കും. വിവിധ ഇനം ചെടികളും വിത്തുകളും നടിയില്‍ വസ്തുക്കളും പ്രദര്‍ശനത്തിനും വില്‍പനക്കുമായി കാര്‍ഷികമേളയിലുണ്ടാകും. ദിവസവും വൈകുന്നേരം വിവിധ കൃഷി രീതികളെക്കുറിച്ചും കാര്‍ഷിക പരിശീലനത്തെക്കുറിച്ചും ക്ലാസ്സുകളും കാര്‍ഷികമേളയോടനുബന്ധിച്ച് നടക്കും.
വിശുദ്ധ ഖുര്‍ആനിന്റെ വിജ്ഞാന വിസ്മയങ്ങളും പ്രകൃതി പ്രതിഭാസങ്ങളും ഇസ്‌ലാമിക ചരിത്രവും ശാസ്ത്ര സാങ്കേതിക മേഖലയിലെ ഇസ്‌ലാമിക സംഭാവനകളും വിശദമാക്കിക്കൊണ്ടുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ദി മെസേജ് സയന്‍സ് എക്‌സിബിഷന്‍ പ്രത്യേകം സജ്ജമാക്കിയ പവനിയനില്‍ ഫെബ്രുവരി 9ന് ആരംഭിക്കും. പ്രദര്‍ശനം ഫെബ്രുവരി പതിനാറു വരെ നീണ്ടുനില്‍ക്കും. പ്രദര്‍ശന നഗരിയില്‍ തിരക്ക് നിയന്ത്രിക്കുന്നതിനായി മുന്‍കൂര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. പ്രദര്‍ശനം കാണാനുള്ള സമയം മുന്‍കൂട്ടി ബുക്ക് ചെയ്ത സമയം നിശ്ചയിക്കുന്നതാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ രീതി.
ധാര്‍മികാവബോധവും വിനോദവും സമന്വയിപ്പിച്ചുകൊണ്ടുള്ള കിഡ്‌സ്‌പോര്‍ട്ട് എജ്യുടൈന്‍മെന്റ് പാര്‍ക്ക് വെളിച്ചം നഗരിയില്‍ ഫെബ്രുവരി 10ന് ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 18 വരെ കിഡ്‌സ്‌പോര്‍ട്ട് കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കും.
ഫെബ്രുവരി 15 മുതല്‍ 18 വരെ നാല് ദിവസങ്ങളിലായി 39 സെഷനുകളിലായി മഹാസമ്മേളനം നടക്കും. ഒരു ലക്ഷം സ്ഥിരം പ്രതിനിധികളടക്കം വന്‍ ജനാവലി നാല് ദിവസങ്ങളിലായി സമ്മേളനത്തില്‍ പങ്കെടുക്കും. രാജ്യത്തിനകത്തും പുറത്തുനിന്നുമായി അന്താരാഷ്ട്ര പ്രശസ്തരായ പണ്ഡിതന്മാരും വ്യക്തിത്വങ്ങളും പ്രഭാഷകരും എഴുത്തുകാരും ചിന്തകരും നാല് ദിവസങ്ങളിലായി സമ്മേളനത്തെ അഭിസംബോധന ചെയ്യും.
സമ്മേളന പ്രചാരണം സംസ്ഥാന വ്യാപകമായി വിവിധങ്ങളായ നിലകളില്‍ നടന്നുവരികയാണ്. അയ്യായിരത്തോളം കേന്ദ്രങ്ങളില്‍ ഇതിനകം സൗഹൃദമുറ്റം പരിപാടികള്‍ നടന്നു. മാനവികതാ സംഗമങ്ങള്‍, സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, പദയാത്രകള്‍, വിളംബര ജാഥകള്‍, സ്‌നേഹ സന്ദേശ യാത്രകള്‍ തുടങ്ങി സംസ്ഥാന ത്തൊടുക്കും വിപുലമായ പ്രചാരണങ്ങളാണ് നടന്നുവരുന്നത്. ജനുവരി 28ന് ഞായറാഴ്ച സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും സമ്മേളന പ്രവര്‍ത്തനങ്ങള്‍ അവലോകനത്തിനും റിപ്പോര്‍ട്ടിനുമായി സ്‌പെഷ്യല്‍ കണ്‍വെന്‍ഷനുകള്‍ നടക്കും. സംസ്ഥാന പ്രതിനിധികള്‍ കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും.
മീഡിയ വിംഗ്
കെ .എന്‍. എം മര്‍കസുദ്ദഅവ
ഫോണ്‍ നമ്പര്‍:9995131541