വിജ്ഞാന യാത്രക്ക് വെളിച്ചം നഗറിൽ പ്രൗഢമായ തുടക്കം.
തോക്കിന് വാക്കിന്‍റെ ശക്തി ഇല്ലാതാക്കാൻ കഴിയില്ല : പി.കെ. പാറക്കടവ്
സ്വാതന്ത്ര്യനന്തര ഇന്ത്യയിലെ ആദ്യത്തെ ഭീകരാക്രമം 1948 ജനുവരി 30 നായിരുന്നുവെന്നും ആദ്യത്തെ ഭീകരാക്രമിയുടെ പേര് നാഥുറാം ഗോഡ്സേ എന്നാണെന്നും പ്രമുഖ കഥാകൃത്ത് പി.കെ. പാറക്കടവ് പറഞ്ഞു. കരിപ്പൂർ വെളിച്ചം നഗരിയിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയ ബുക്സ്റ്റാൾജിയ എന്ന് പേരിട്ട മെഗാ പുസ്തകമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാകേന്ദ്രത്തിൽ പഠിപ്പിക്കുന്ന ഒരധ്യാപകൻ ഗോഡ്സേ ഇന്ത്യയെ രക്ഷിച്ചു എന്ന് പറയുന്ന ക്കാലത്താണ് നാം ജീവിക്കുന്നത്. ഗോഡ്സെയെ പ്രകീർത്തിക്കുന്നവർ മഹാത്മ ഗാന്ധിയെ മറക്കാനും തമസ്ക്കരിക്കാനുമാണ് ശ്രമിക്കുന്നത്. എഴുത്തും പുസ്തക വായനയും പ്രതിരോധ പ്രവർത്തനമാക്കേണ്ട കാലത്താണ് നാം ജീവിക്കുന്നത് – അദ്ദേഹം തുടർന്നു പറഞ്ഞു.കൽബുർഗിയേയും ഗൗരി ലങ്കേഷ്ക്കറേയും കൊന്നു കളഞ്ഞത് തോക്കു കൊണ്ടാണ്. തോക്കു കൊണ്ട് വാക്കിൻ്റെ ശക്തി ഇല്ലാതാക്കാൻ കഴിയില്ല – പാറക്കടവ് പറഞ്ഞു.
യുവത ഡയരക്ടർ ഡോ: ഫുഖാർ അലി അധ്യക്ഷത വഹിച്ചു.യുവത സി.ഇ.ഒ ഹാറൂൺ കക്കാട്, ഐ.സ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.അൻവർ സാദത്ത് പ്രസംഗിച്ചു. കേരളത്തിന്റെ അകത്തും പുറത്തുമുള്ള പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളുടെ അതിവിശാലമായ ശേഖരങ്ങളോടെയാണ് മെഗാ പുസ്തകമേള ഒരുങ്ങുന്നത്.
ഡി.സി, മാതൃഭൂമി, ഒലീവ്, ഐ പി എച്ച്, കെ .എൻ . എം ബുക്സ്, പൂമരം, ബുക് പ്ലസ്, വചനം, ഗ്രെയ്സ്,, ലിപി, അദർ, സിൻ്റില, ഉർവ, ബുക്കഫെ, തുടങ്ങി ഒട്ടേറെ പ്രസാധകർ മേളയിൽ പങ്കെടുക്കും. മേളയോടനുബന്ധിച് പുസ്തക ചർച്ച, ഓഥേഴ്‌സ് മീറ്റ് തുടങ്ങിയ വ്യത്യസ്ത പരിപാടികളും സംഘടിപ്പിക്കും. സമ്മേളനത്തിന്റെ വിവിധ വേദികളിലായി യുവത ബുക്സിന്റെ അറുപതോളം പുതിയ പുസ്തകങ്ങൾ പ്രകാശിതമാവും.